Tuesday, September 4, 2007

ചില നേരങ്ങളില്‍അവള്‍ അനന്തമായ ആകാശത്തേക്കു കൈകളുയര്‍ത്തി
സ്വപ്നത്തിനപ്പുറം ഭൂമിയോട് പറ്റിച്ചേര്‍ന്നു കിടന്നു
വിഷാദത്തിന്റെ വെളുത്തപൂവ്
തിരയടങ്ങിയ സമുദ്രങ്ങള്‍
ഊര്‍മിളയുടെ നിശ്വാസങ്ങള്‍
വെന്ത മണല്‍ പരപ്പുകള്‍
ശാന്തി.

ചിരി, ഉന്മാദത്തിന്റെ ചുവന്നപൂവുകള്‍.
രകതം ഉണങ്ങിപ്പിടിച്ച കാളക്കൊമ്പ്
മെഡൂസയുടെ സ്വര്‍ണമുടിയിഴകള്‍
അമാവാസി
മനുഷ്യനെയും ദൈവത്തെയും
സ്പര്‍ശിക്കാത്തൊരു ചിരി
അവര്‍ക്കിടയിലൂടെ കടന്നുപോയി
ദുരിതപര്‍വം കടന്നെത്തിയ
വാര്‍ദ്ധക്യത്തിന്റെ നെറ്റിത്തടത്തില്‍
ഉരുകിയുണങ്ങിയ കര്‍പ്പൂരക്കല.

അയാളവളെ തന്നോടുചേര്‍ത്തു
ഘനീഭവിച്ചുപോയ മൌനത്തിന്
കണ്ണുനീരിന്റെ വ്യാഖ്യാനങ്ങളൊന്നും
ആവശ്യമില്ലായിരുന്നു.
ശ് ശ് ശ് അനങ്ങരുത്, ഒച്ചവയ്ക്കരുത്
അവള്‍ അന്ധമായി സ്നേഹിക്കപ്പെടുന്ന
ഈ നിമിഷത്തിലെങ്കിലും നിങ്ങള്‍ ശബ്ദിക്കരുത്.

12 comments:

ദിവ്യാശ്രീ said...

അവള്‍ അന്ധമായി സ്നേഹിക്കപ്പെടുന്ന
ഈ നിമിഷത്തിലെങ്കിലും നിങ്ങള്‍ ശബ്ദിക്കരുത്.


: തുമ്പി

ദിവ്യാശ്രീ said...

ഈ ബ്ലോഗ് വേണോ വേണ്ടയോ എന്ന ചിന്തയിലാരുന്നു ഇത്രയും ദിവസം. എന്നോ എപ്പോഴൊ എഴുതിയതൊക്കെ കൂട്ടി വയ്ക്കാന്‍ ഒരിടം, അത്രേയുള്ളൂ ഇത്.

സ്നേഹത്തോടേ

ഗിരീഷ്‌ എ എസ്‌ said...

പ്രണയത്തിന്റെ പ്രതലം
കവിതക്ക്‌
പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു...
ഭ്രാന്തമായ വികാരതിമിര്‍പ്പുകളില്‍
അവള്‍ അഗ്നിയായി ചുട്ടുപൊള്ളുമ്പോള്‍..
ദ്രൗപതിക്ക്‌ നോവുന്നു....

കാണാന്‍ മറന്ന
തുമ്പിയുടെ
"ചില നേരങ്ങളില്‍"
എന്റെ കൈയൊപ്പ്‌.....

ഭാവുകങ്ങള്‍..

- said...

തുമ്പിക്ക്,

ഇത്രയും നല്ല വരികള്‍ ആരും കാണാതെ ഒളിച്ചു വയ്ക്കാനാ പരിപാടി. അടി അടി. വേഗം പോസ്റ്റ് ചെയ്തോളൂ.

പിന്നെ കവിതയെക്കുറിച്ച്,
ഞാന്‍ ശബ്ദിക്കുന്നില്ല. നീ സ്നേഹിക്കപ്പെടുകയല്ലേ.

പാലാ ശ്രീനിവാസന്‍ said...

നല്ല പടം,ഞാന്‍ അത് എന്റെ ആല്‍ബത്തിലേക്ക് ഒന്ന് കോപ്പി ചെയ്യുന്നതില്‍ വിരോധം ഉണ്ടോ.....?

പാലാ ശ്രീനിവാസന്‍ said...
This comment has been removed by the author.
കൂടപ്പിറപ്പ് said...

ശ്രീക്കുട്ടിയ്ക്ക്
...സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ചില നിമിഷങ്ങള്‍..."പ്രണയം".
"ഇണക്കങ്ങള്‍ പിണക്കങ്ങള്‍"...പ്രണയത്തിന്റെ ചില ഭാവങ്ങള്‍ മാത്രം...
പ്രണയത്തിന്റെ നിമിഷങ്ങളെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു....
സ്നേഹത്തോടെ

കുറുമാന്‍ said...

വളരെ വൈകിയാണെത്തിയത്, വായിച്ചു. ശബ്ദിക്കുന്നില്ല..

ആവനാഴി said...

ശബ്ദിക്കണമെന്നുണ്ട് ഒച്ചവക്കണമെന്നും
പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല.
ശ് ശ് ഈ ശാസനകേട്ട് മിണ്ടാട്ടം മുട്ടിപ്പോയി!

പാലാ ശ്രീനിവാസന്‍ said...

താങ്കളും സ്വപ്നജീവി എന്നവിശേഷണം എടുത്തുകളഞ്ഞല്ലോ
എന്റെ പഴയ സുഹൃത്ത് ലേഖയേപ്പോലെ,
പിന്നെ പ്രൊഫൈലില്‍ ഒരു ഇ മെയില്‍ ലിങ്ക് ഇട്ടുകൂടേ

സഹയാത്രികന്‍ said...

'ശ് ശ് ശ് അനങ്ങരുത്, ഒച്ചവയ്ക്കരുത്'

ഒരുപാട് വൈകി വായിക്കാന്‍... മിണ്ടെരുതെന്ന് പറഞ്ഞോണ്ട് മിണ്ടണില്ല... പകരം ഒരു പുഞ്ചിരി സമ്മാനിക്കുന്നു....

:)

അനില്‍ വേങ്കോട്‌ said...

മനുഷ്യനെയും ദൈവത്തെയും
സ്പര്‍ശിക്കാത്തൊരു ചിരി.....
ഒരു ഇമാജ് മതി ചിലത് കവിതയാകാൻ