Tuesday, September 4, 2007

ചില നേരങ്ങളില്‍



അവള്‍ അനന്തമായ ആകാശത്തേക്കു കൈകളുയര്‍ത്തി
സ്വപ്നത്തിനപ്പുറം ഭൂമിയോട് പറ്റിച്ചേര്‍ന്നു കിടന്നു
വിഷാദത്തിന്റെ വെളുത്തപൂവ്
തിരയടങ്ങിയ സമുദ്രങ്ങള്‍
ഊര്‍മിളയുടെ നിശ്വാസങ്ങള്‍
വെന്ത മണല്‍ പരപ്പുകള്‍
ശാന്തി.

ചിരി, ഉന്മാദത്തിന്റെ ചുവന്നപൂവുകള്‍.
രകതം ഉണങ്ങിപ്പിടിച്ച കാളക്കൊമ്പ്
മെഡൂസയുടെ സ്വര്‍ണമുടിയിഴകള്‍
അമാവാസി
മനുഷ്യനെയും ദൈവത്തെയും
സ്പര്‍ശിക്കാത്തൊരു ചിരി
അവര്‍ക്കിടയിലൂടെ കടന്നുപോയി
ദുരിതപര്‍വം കടന്നെത്തിയ
വാര്‍ദ്ധക്യത്തിന്റെ നെറ്റിത്തടത്തില്‍
ഉരുകിയുണങ്ങിയ കര്‍പ്പൂരക്കല.

അയാളവളെ തന്നോടുചേര്‍ത്തു
ഘനീഭവിച്ചുപോയ മൌനത്തിന്
കണ്ണുനീരിന്റെ വ്യാഖ്യാനങ്ങളൊന്നും
ആവശ്യമില്ലായിരുന്നു.
ശ് ശ് ശ് അനങ്ങരുത്, ഒച്ചവയ്ക്കരുത്
അവള്‍ അന്ധമായി സ്നേഹിക്കപ്പെടുന്ന
ഈ നിമിഷത്തിലെങ്കിലും നിങ്ങള്‍ ശബ്ദിക്കരുത്.

വേനല്‍, മഞ്ഞ്, കാറ്റ്, മഴ - പ്രണയം



ഹൃദയത്തില്‍ സൂര്യകാന്തിപ്പൂവുകള്‍
വിരിഞ്ഞിരുന്നൊരു കാ‍ലമുണ്ടായിരുന്നു
മറ്റെല്ലാ പൂവുകളെയും പോലെ
അവ വാടുകയും കൊഴിയുകയും ചെയ്തു.
വേനല്‍, മഞ്ഞ്, കാറ്റ്, മഴ
അവയുടെ നിശ്ചലമായ രൂപം
മനസിലവശേഷിക്കുകയും
കാലപ്പഴക്കത്തില്‍ നിറം
മങ്ങി ഇല്ലാതാവുകയും ചെയ്തു
സന്ധ്യ, രാത്രി, പകല്‍ ‍
ചെമ്പകപ്പൂവിന്റ്റെ ഗന്ധമുള്ള ഓരോ കാറ്റും
ഒരു പൂക്കാലത്തിന്റെ ഓര്‍മയാണിപ്പോള്‍

‍ഓര്‍മയുടെ അളവുകോലില്‍
ഗന്ധത്തിന് നിറങ്ങളേക്കാള്‍ ആയുസ്സു
കൂടുതലാണെന്ന് രേഖപ്പെടുത്തപ്പെട്ടു.
കാത്തിരിപ്പ്, ഞാനും നീയുമില്ലാതാവുകയും
നമ്മളില്‍ നമ്മളന്യോന്യം കണ്ടെത്തുകയും
ചെയ്യുമ്പോള്‍ ‍
നിന്റെ കണ്ണുകളിലേക്കു
നോക്കി ചോദിക്കണമെനിക്ക്
നമ്മള്‍ കിനാവുകാണുകയായിരുന്നോ ?

Sunday, August 26, 2007

ഞാന്‍

കൊഴിഞ്ഞുവീണൊരീ പൂക്കളായ്
നിന്റെയോര്‍മ്മകള്‍
ഇവിടെല്ലാം ചിതറിക്കിടക്കുന്നു
ഞാന്‍ അതെല്ലാം ഒന്നു പെറുക്കിക്കൂട്ടട്ടെ.